കോതമംഗലം: ബിജെപി കോതമംഗലം മണ്ഡലം നേതൃത്വത്തിനെതിരെ വാരപ്പെട്ടിയിൽ വീണ്ടും പോസ്റ്റർ. ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ്, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി. നടരാജൻ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാണ് വാരപ്പെട്ടി ബിജെപി പ്രവർത്തകർ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിലെ പ്രധാന ആവശ്യം. ഇപ്പോഴത്തെ നിയോജകമണ്ഡലം ഭാരവാഹികൾ പാർട്ടിയെ 30 വർഷം പിന്നോട്ട് നയിച്ചെന്നും പോസ്റ്ററുകളിൽ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് എൻ.ഡി.എ. സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞത് ബിജെപി നേതൃത്വം നടത്തിയ വോട്ട് കച്ചവടം മൂലമാണെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഇതിനെതിരെയും വാരപ്പെട്ടിയിൽ പോസ്റ്ററുകൾ വന്നിരുന്നു.
കോതമംഗലത്തെ പാർട്ടി നേതൃത്വം വോട്ട് കച്ചവട മുതലാളിമാർ ആണെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ 13 ആം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആണ് വോട്ട് കച്ചവടവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രചരണം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വോട്ട് കച്ചവടമാണോ അതോ ഉപതിരഞ്ഞെടുപ്പിലെ വോട്ട് കച്ചവടമാണോ ഇതിൽ പറയുന്നത് എന്ന കാര്യം മാത്രം ആണ് ഇനി അറിയാനുള്ളത്.
വാരപ്പെട്ടി പഞ്ചായത്ത് മണ്ഡലം ഭാരവാഹികൾ പ്രവർത്തകരുടെ പിന്തുണ ഇല്ലാതെയാണ് അധികാരത്തിൽ വന്നതെന്നും അതിനാൽ ഇവർ രാജിവെക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
തുടർച്ചയായി ബിജെപി നേതൃത്വത്തിനെതിരെ മണ്ഡലം പ്രസിഡന്റിന്റെ നാട്ടിൽനിന്നും ഉണ്ടാകുന്ന പോസ്റ്റർ പ്രചാരണം പാർട്ടിയിലെ ഭിന്നതെയാണ് സൂചിപ്പിക്കുന്നത്.
0 Comments